Sunday, October 26, 2008

പ്രശ്നം 5:എന്ത് കൊണ്ടു ബ്രഹ്മാവിന് ക്ഷേത്രം ഇല്ല ?

സനാതന ധര്‍മ്മത്തിലെ  ത്രിമൂര്‍ത്തി സംകല്പത്തില്‍ സൃഷ്ടി കര്‍മ്മം നിര്‍വഹിക്കുന്ന മൂര്‍ത്തി ആണ് ബ്രഹ്മാവ്‌ . നാല് വേദങ്ങളെയും തന്‍റെ നാല് തലകളില്‍ സൂക്ഷിച്ച്, പരിപാലന കര്‍മ്മിയായ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു ഉദ്ധരിച്ച കമലത്തില്‍ വസിച്ച് , ഭഗവാന്‍റെ അനുഗ്രഹത്തോടെ ഭൂമിയിലുള്ള മുഴുവന്‍ ജീവ ജാലങ്ങളെയും ഒരു ദിവസം കൊണ്ടു സൃഷ്ടിക്കുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം എന്നത് നമ്മുടെ ഒരു യുഗം ആണ്. അതിനാല്‍ എല്ലാ ദിവസവും അവസാനം ബ്രഹ്മാവ്‌ പ്രളയം കാണുന്നു. ഭൂമിയിലുള്ള സര്‍വതും നശിക്കുന്നു. വീണ്ടും അടുത്ത ദിവസം പഴയത് പോലെ ബ്രഹ്മാവ്‌ സൃഷ്ടി തുടരുന്നു.
എന്നാല്‍ ഇതൊക്കെ ചെയ്യുമെങ്കിലും ബ്രഹ്മാവിന് സനാതന ധര്മത്തില്‍ പൂജാവിധികള്‍ ഒന്നും ഇല്ല . ബ്രഹ്മ ക്ഷേത്രങ്ങളും ഇല്ല
ഈ ആചാരത്തിനു പിന്നില്‍ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും, പ്രധാനമായ വസ്തുത എന്തിന് ബ്രഹ്മാവിനെ പ്രാര്‍ത്ഥിക്കുന്നു എന്നതാണ്

സനാതനധര്‍മ പ്രകാരം ജനനം എന്നത് മരണം പോലെ തന്നെ ഒരു ശുഭകരമായ കാര്യം അല്ല. അതിനാലാണ് പുലയുടെ ( സ്വന്തമായ ആരെങ്കിലും മരിച്ചാല്‍ പിന്നെ 16 കഴിയാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് . ഒരു വര്‍ഷത്തേയ്ക്ക് ശുഭകാര്യങ്ങള്‍ ഒന്നും പാടില്ല ) കൂടെ വാലയ്മയും ( ഒരു കുഞ്ഞു ജനിച്ചു 28 കഴിയാതെ സ്വന്തക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് ) . ഒരു ജീവിയുടെ പുണ്ണ്യ കര്‍മ്മങ്ങളും പാപ കര്‍മ്മങ്ങളും തുല്യം ആകുമ്പോള്‍ ആണ് അതിന് മനുഷ്യ ജന്‍മം ലഭിക്കുന്നത്‌. മാതാവിന്‍റെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ ജീവന്‍, ഇനി ഈ ജന്‍മത്തില്‍ പുണ്യ കര്‍മ്മം മാത്രം ചെയ്ത് മോക്ഷ പ്രാപ്തി നേടാം എന്ന് നിശ്ചയിക്കുന്നു . എന്നാല്‍ ഗര്ഭപത്രത്തിനു വെളിയില്‍ വരുമ്പോള്‍ അത് മായയില്‍ ലയിച്ച് വീണ്ടും ഈ ശരീരം ഞാന്‍ ആണെന്നും ഇവിടെ തന്റെ ആയി കാണുന്നതെല്ലാം താന്‍ സമ്പാദിച്ചതാനെന്നും കരുതി അഹങ്കരിച്ചു ജീവിക്കുന്നു. ആ സമയത്ത് ഏതെങ്കിലും നവ ഭക്തി ഭാവങ്ങളിലൂടെ ( ശ്രവണം , കീര്‍ത്തനം , സ്മരണം , പാദസേവനം,അര്ചനം , വന്ദനം , ദാസ്യം , സഖ്യം , ആത്മനിവേദനം ) പരമ പുരുഷനെ പ്രാപിച്ചു മോക്ഷം പ്രാപിക്കുക എന്നതാണ് ഓരോ മനുഷ്യന്‍റെയും ലക്‌ഷ്യം. അതിനിടയില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ പ്രാര്‍ത്ഥിച്ചു ഇനി ഒരു ജന്മം കൂടെ നേടുക എന്നത് മാനുഷ ധര്‍മ വ്യതിചലനം ആയതിനാല്‍ ആയിരിക്കണം ബ്രഹ്മാവിന് ക്ഷേത്രം ഇല്ലാതെ പോയത്

Monday, October 20, 2008

പ്രശ്നം 4: എന്തുകൊണ്ട് കുളിയും തേവാരവും ?

സനതനധര്‍മത്തില്‍ ഓരോ ദിവസവും മനുഷ്യന്‍ നിശ്ചയമായും ചെയ്തിരിക്കേണ്ട രണ്ടു കര്‍മങ്ങള്‍ ആണ് കുളിയും തേവാരവും
ചിലരുടെ തെറ്റിധാരണ ഇതു ബ്രാഹ്മണര്‍ക്ക് മാത്രം ചെയ്യാവുന്ന ഒന്നാണ് എന്നതാണ് . പക്ഷെ സത്യം , കുളിയും തേവാരവും ഏത് മനുഷ്യരെയും ബ്രാഹ്മണര്‍ ആക്കുന്നു എന്നതാണ് . ആരാണ് ബ്രാഹ്മണന്‍ എന്ന് ഇവിടെ നിന്ന് അറിഞ്ഞിരിക്കുമല്ലോ.
നാം എല്ലാം കുളിക്കാറുണ്ട്‌ , ചിലര്‍ ആഴ്ചയില്‍ ഒരിക്കലാണെന്കിലും , നമ്മള്‍ മുടങ്ങാതെ ദേഹ ശുദ്ധി നടത്തുന്നു . ഇല്ലെങ്കില്‍ എന്ത് സംഭവിക്കും ? നമ്മുടെ ദേഹം മുഴുവന്‍ അഴുക്കു അടിഞ്ഞു കൂടുകയും , ചൊറിയുകയും , ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.
ഇതു പോലെ തന്നെ നമ്മള്‍ ശുദ്ധി വരുത്തേണ്ട ഒന്നാണ് നമ്മുടെ ആത്മാവ് . അല്ലെങ്കില്‍ അതില്‍ പല അഴുക്കുകളും അടിഞ്ഞു കൂടുകയും , ആത്മശോഷണം കൈവരുകയും ചെയ്യുകയും ചെയ്യുന്നു. അതിനുള്ള മാര്‍ഗ്ഗം ആണ് തേവാരം
തേവാരം പല രീതിയില്‍ ചെയ്യാമെങ്കിലും ഏറ്റവും ലളിതമായ രീതിയാണ് ഗായത്രിയും സന്ധ്യാ വന്ദനവും .

ഗായത്രി എന്താണെന്നോ അതിന്റെ സവിഷേതകള്‍ എന്താണെന്നോ ഞാന്‍ ഇവിടെ പറയുന്നില്ല , അതിനായി തന്നെ വേറെ ഒരു പോസ്റ്റ് തന്നെ വേണം. അതിലാല്‍ അത് ഇവിടെ നിന്ന് മനസിലാക്കാം
ഗണേശ ഗായത്രി , സൂര്യ ഗായത്രി എല്ലാ ദേവതകള്‍ക്കും ഗായത്രി ഉണ്ട് , എങ്കിലും വളരേ പ്രാചീന കാലം മുതല്‍ക്കേ നമ്മുടെ പൂര്‍വികര്‍ ജപിച്ചു വന്ന ഗുണം പേറുന്ന "ഓം ഭൂര്‍ ഭുവ സ്വ" എന്ന് തുടങ്ങുന്ന ഗായത്രി മന്ത്രം തന്നെയാണ് തേവരത്തിനു ഉചിതം.
108 തവണ ആണ് സാധാരണ ആയി ഗായത്രി ജപിച്ചു വരാറുള്ളത് , ജാതി മതഭേതമെന്യേ എല്ലാ മനുഷ്യര്‍ക്കും ഗായത്രി ജപിക്കമെങ്കിലും , അത് ഒരു ഗുരുവില്‍ നിന്ന് ഉപദേശം സ്വീകരിച്ചതിനു ശേഷം വേണം ജപിക്കാന്‍. ഗായത്രി മനുഷ്യന് ഗുണം ചെയ്യുന്നത് പോലെ ഒരു വേദവും ചെയ്യില്ല എന്നാണു പണ്ടുള്ളവര്‍ പറയാറ്‌ .
ഇനി സന്ധ്യാവന്ദനം ആണ് , പകലും രാവും സന്ധിക്കുന്ന സായം സന്ധ്യില്‍ ആണ് സന്ധ്യാ വന്ദനം നടത്തേണ്ടത്‌ . രണ്ടു തിരിയിട്ട നില വിളക്ക് കൊളുത്തി വച്ചു അതിന് മുന്‍പില്‍ ഇരുന്നാണ് സന്ധ്യാവന്ദനം നിര്‍വഹിക്കേണ്ടത് . ഗണപതിയില്‍ തുടങ്ങി ഇഷ്ട ദേവതകളെ മുഴുവന്‍ ആരാധിക്കുന്ന ചടങ്ങ് ആണ് സന്ധ്യാ വന്ദനം. ഗായത്രിയുടെ ഗുണം പൂര്‍ണം ആവണമെങ്കില്‍ സന്ധ്യാ വന്ദനം കൂടെ നിര്‍വഹിക്കേണ്ടതാണ്. നിലവിളക്കിനു മുന്‍പില്‍ കണ്ണടച്ചിരുന്നു ഏകാഗ്രതയോടെ ധ്യാനിക്കുന്നത് ആത്മചൈതന്യം വളര്‍ത്തുന്നതിനു വളരേ സഹായകം ആണ്
നമ്മുടെ തിരക്കിട്ട ജീവിതത്തില്‍ നമുക്കു വേറെ എല്ലാത്തിനും സമയം ഉണ്ട് , പക്ഷെ ഗായത്രിക്കോ സന്ധ്യാ വന്ദനത്തിനോ മാത്രം സമയം ഇല്ല.
ചിന്താമണി എന്ന ഒരു രത്നം ഉണ്ട് .. അത് കൊണ്ടു തൊടുന്നത് മുഴുവന്‍ സ്വര്‍ണം ആകും അതാണ്‌ അതിന്റെ പ്രത്യേകത. ഒരിക്കല്‍ ഒരു മനുഷ്യന്‍ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു 1 രൂപ നാണയം ഒരു ചവറ്റുകുട്ടയില്‍ വീണു പോയി . അവന്‍ അത് എടുക്കാന്‍ തിരയുമ്പോള്‍ ഈ ചിന്താമണി രത്നം കിട്ടി ... അവന്‍ അത് വലിച്ചെറിഞ്ഞു പിന്നെയും 1 രൂപയ്ക്കായി തിരച്ചില്‍ തുടര്‍ന്നു .. ഇതു പോലെയാണ് ചില മനുഷ്യര്‍ വേറെ നിസ്സാരമായ എന്തിനോ വേണ്ടി അലഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഗായത്രി , സന്ധ്യാവന്ദനം പോലുള്ള ചിന്താമണി രത്നങ്ങളെ ഉപേക്ഷിക്കുന്നു
അതുകൊണ്ട് .. ഇന്നു തന്നെ ഒരു ഗുരുവിനെ കണ്ടെത്തി ഗായത്രി സ്വീകരിക്കുക .. സന്ധ്യാ വന്ദനം ശീലമാക്കുക .. എല്ലാര്‍ക്കും ആത്മ ചൈതന്യം പ്രാര്‍ത്ഥിച്ചു കൊള്ളുന്നു

Sunday, October 19, 2008

പ്രശ്നം 3: സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?

വളരേ നല്ല ചോദ്യം .. മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?

ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല .


നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?


നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2 കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം , തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്


ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.


വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്

മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ്‌ നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്

ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു . വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്‌


ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു " ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "
മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "

കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"

മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ


ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?


ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ


വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .




Saturday, October 18, 2008

പ്രശ്നം 2 : ഹിന്ദു മതത്തില്‍ എന്ത് കൊണ്ട് ആണ് മുപ്പത്തുമുക്കോടി ദൈവങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് ?

ഹിന്ദു മതത്തെക്കുറിച്ച് അധികം അറിവ് ഇല്ലാത്ത മനുഷ്യര്‍ ചിന്തിക്കാറുണ്ട്‌ .എന്തുകൊണ്ട് മറ്റു മതങ്ങള്‍ എല്ലാം ഒരേ ഒരു ദൈവത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ , ഹിന്ദുക്കള്‍ മാത്രം ഇത്രയധികം ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത് എന്ന് .

സത്യത്തില്‍ .. ഹിന്ദു മതവും ഏക ദൈവ മതം ആണ് . ആ പരബ്രഹ്മത്തെ ഭക്തജനങ്ങള്‍ പല വിധത്തില്‍ കാണുന്നു പല പേരു വിളിക്കുന്നു എന്നതേ ഉള്ളു

ഉദാഹരണത്തിനു ,

പാത്രം , കുടം , ചട്ടി , പ്രതിമ എന്നിവ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് കളിമണ്ണ് കൊണ്ടാണ് . പക്ഷെ ആരെങ്ങിലും അവയെ കളി മണ്ണ് എന്ന് വിളിക്കാറുണ്ടോ ? അവയുടെ രൂപത്തിന് അനുസരിച്ച് അവയ്ക്ക് വേറെ വേറെ പേരുകള്‍ നല്‍കിയിരിക്കുന്നു . അത് പോലെ എല്ലാ ദൈവങ്ങളും പരബ്രഹ്മത്തിന്റെ സ്വരൂപം ആണെന്കിലും ഓരോ ഭക്തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ട ദൈവത്തെ പല പേര്‍ വിളിച്ചു ധ്യാനം ചെയ്യാനുള്ള സ്വാതന്ത്ര്യം ഹിന്ദു മതം നല്കുന്നു

എല്ലാവരും ധരിച്ചിരിക്കുന്നത്‌ മുപ്പത്തുമുക്കോടി ദൈവങ്ങള്‍ എന്ന് വച്ചാല്‍
1) വിഷ്ണു
2) ശിവന്‍
3) മുരുകന്‍
എന്നിങ്ങനെ എണ്ണി മുപ്പത്തുമുക്കോടി ദൈവങ്ങള്‍ തികയുന്നു എന്നതാണ് .. എന്നാല്‍ ഇതു ശരിയല്ല

മുപ്പത്തുമുക്കോടി എന്നത് ഒരു ആപേക്ഷികമായ കണക്കു ആണ് . വേദകാലത്ത്‌ ഈ ജനസംഖ്യ കണക്കെടുപ്പ് ഒന്നും ഇല്ലായിരുന്നല്ലോ . അതുകൊണ്ട് ഈ ലോകത്ത് നൂറു കോടി ജനങ്ങള്‍ ഉണ്ടെന്നു വിചാരിക്കുക . അതില്‍ മൂന്നില്‍ ഒരു ഭാഗം അസുരന്മാരും മൂന്നില്‍ ഒരു ഭാഗം മനുഷ്യന്മാരും മൂന്നില്‍ ഒരു ഭാഗം ദേവന്മാരും ആണ് . അപ്പോള്‍ നൂറു കോടി /മൂന്ന് എന്നത് 33.33 കോടി എന്ന് വരുന്നു . അതായത് 33 കോടി ദേവന്മാര്‍ ഉണ്ട് ഈ ഭൂമിയില്‍ എന്ന് വരുന്നു .

ലോകത്തിനു നന്മ ചെയ്തു അസുരനില്‍ നിന്നു മനുഷ്യനായും മനുഷ്യനില്‍ നിന്നു ദേവനായും എല്ലാവരും മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു